പാലക്കാട്: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അണിഞ്ഞിരുന്ന ഷാളിന് തീപിടിച്ചു. പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിലെ പരിപാടിക്കിടെയാണ് അപകടം. ഷാളിന് തീപടര്‍ന്നത് ഉടന്‍തന്നെ ഒപ്പമുണ്ടായിരുന്നവരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തീയണയ്ക്കുകയായിരുന്നു. ഇതോടെ വന്‍ അപകടം ഒഴിവായി. ഗവര്‍ണര്‍ക്ക് പരിക്കുകളൊന്നും ഇല്ല.
ശബരി ആശ്രമത്തിലെ പരിപാടിക്കിടെ മഹാത്മാ ഗാന്ധിയുടെ ചിത്രത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നതിനായി കുനിയുന്നതിനിടെ സമീപത്തുണ്ടായിരുന്ന കത്തിച്ചുവച്ച വിളക്കില്‍ നിന്നും കഴുത്തിലിട്ടിരുന്ന ഷാളിലേക്ക് തീ പടരുകയായിരുന്നു. ഉടന്‍ തന്നെ സംഭവം സമീപത്തുണ്ടായിരുന്നുവരുടെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ ഞൊടിയിടക്കുള്ളില്‍ ഗവര്‍ണറുടെ കഴുത്തില്‍ നിന്ന് ഷാള്‍ എടുത്തുമാറ്റുകയായിരുന്നു.