കരുവാരകുണ്ട്: കാടുകയറിയെന്നു സംശയിച്ച നരഭോജിക്കടുവയുടെ കാല്‍പാടുകള്‍ വീണ്ടും കണ്ടെത്തി. കേരള എസ്റ്റേറ്റ് എ വണ്‍ ഡിവിഷനിലാണ് കടുവയുടെ കാല്‍പാടുകള്‍ വനപാലകര്‍ കണ്ടെത്തിയത്. 2 തവണ വനപാലകര്‍ കടുവയ്ക്കു വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കടുവയുടെ സാന്നിധ്യം 12 ദിവസമായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച നൂറോളം ക്യാമറകളിലും കടുവയുടെ ദൃശ്യങ്ങള്‍ ലഭിച്ചില്ല. ഇതോടെ സൈലന്റ് വാലി വനമേഖലയിലേക്ക് കടുവ കയറിയെന്ന നിഗമനത്തിലായിരുന്നു വനപാലകരും നാട്ടുകാരും.
ഇതിനിടെയാണ് ഇന്നലെ വീണ്ടും കടുവയുടെ കാല്‍പാടുകള്‍ കണ്ടത്. കടുവയുടെ കാല്‍പാടുകളാണെന്ന് വനപാലകര്‍ സ്ഥിരീകരിച്ചതോടെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. ഇന്ന് കൂടും എത്തിക്കുമെന്ന് വനപാലകര്‍ അറിയിച്ചു. കടുവയെയോ കാല്‍പാടുകളോ ദിവസങ്ങളായി കാണാത്തതിനാല്‍ തീവ്ര തിരച്ചില്‍ അവസാനിപ്പിച്ചിരുന്നുവെങ്കിലും വനപാലകരുടെ രാത്രികാല പട്രോളിങ്ങും പതിവു തിരച്ചിലും തുടരുകയായിരുന്നു.