കൊച്ചി: സംസ്ഥാനത്തെ മയക്കുമരുന്ന് ഇടപാടുകാരുടെ വിവരങ്ങൾ എക്സൈസ് വകുപ്പും പുറത്തുവിട്ടു. പോലീസ് ഗുണ്ടാ ലിസ്റ്റ് പുറത്തുവിട്ടതിന് പിന്നാലെയാണ് ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് കേസുകള്‍ കണക്കിലെടുത്താണ് 2,434 മയക്കുമരുന്ന് ഇടപാടുകാരുടെ പേരുകളുള്ള പട്ടിക തയ്യാറാക്കിയത്. ഒന്നിലധികം തവണ മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക്പ്രതിരോധ തടങ്കല്‍ ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
412 മയക്കുമരുന്ന് ഇടപാടുകാർ റിപ്പോര്‍ട്ട് ചെയ്ത കണ്ണൂരാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 376 പേരുമായി എറണാകുളം ജില്ല രണ്ടാം സ്ഥാനത്താണ്. പാലക്കാട് 316, തൃശ്ശൂര്‍ 302, ഇടുക്കി 161, ആലപ്പുഴ 155, കോട്ടയം 151, മലപ്പുറത്ത് 130, തിരുവനന്തപുരം 117, കോഴിക്കോട് 109, വയനാട് 70, കൊല്ലം- പത്തനംതിട്ട എന്നീ ജില്ലകളിലായി 62 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍. ഇതില്‍ ഏറ്റവും കുറവ് മയക്കു മരുന്ന് ഇടപാടുകാരുള്ളത് കാസര്‍ഗോഡാണ്, 11 പേരാണ് ഇവിടെ നിന്ന് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.