വിഷക്കഷായം കുടിപ്പിച്ചു കൊന്ന കേസിലെ പ്രതി ഗ്രീഷ്മയ്ക്കു തൂക്കുകയര്‍. ഷാരോണിന്റെ കാമുകിയായ ഒന്നാംപ്രതി പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മ (24), ഗ്രീഷ്മയുടെ അമ്മാവനും മൂന്നാംപ്രതിയുമായ നിര്‍മലകുമാരന്‍ നായര്‍ എന്നിവര്‍ കുറ്റക്കാരാണെന്നു കഴിഞ്ഞദിവസം നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി പാറശാല മുര്യങ്കര ജെ.പി.ഹൗസില്‍ ഷാരോണ്‍ രാജിനെ (23) കൊലപ്പെടുത്തിയ കേസിലാണ് ഒന്നാംപ്രതി പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മയ്ക്കു (24) നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എ.എം.ബഷീര്‍ വധശിക്ഷ വിധിച്ചത്. ഗ്രീഷ്മയ്‌ക്കെതിരെ 48 സാഹചര്യ തെളിവുകളുണ്ടെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
തട്ടിക്കൊണ്ടുപോകല്‍, വിഷം നല്‍കല്‍, കൊലപാതകം, പൊലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഗ്രീഷ്മയ്‌ക്കെതിരെ തെളിഞ്ഞത്. തെളിവുനശിപ്പിച്ചെന്ന കുറ്റമാണു നിര്‍മലകുമാരന്‍ നായരുടേത്. ഒന്നാംപ്രതിക്കു വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. പ്രായവും വിദ്യാഭ്യാസവും പരിഗണിച്ചു കുറഞ്ഞ ശിക്ഷ നല്‍കണമെന്നു പ്രതിഭാഗം വാദിച്ചു.
ഷാരോണിനെ 2022 ഒക്ടോബര്‍ 14നു ഗ്രീഷ്മ വീട്ടിലേക്കു വിളിച്ചുവരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കിയതായാണു കേസ്. മറ്റൊരാളുമായി നിശ്ചയിച്ച വിവാഹത്തിനു തടസ്സമാകുമെന്നതിനാലാണു ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചതെന്നു പൊലീസ് കണ്ടെത്തി. ഷാരോണ്‍ ഒക്ടോബര്‍ 25നു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിച്ചു. ഗ്രീഷ്മയുടെ അമ്മയും രണ്ടാം പ്രതിയുമായ സിന്ധുവിനെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു.