47ാമത് അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. എഴുപത്തിയെട്ടുകാരന്‍ ഡോണള്‍ഡ് ട്രംപിന് അമേരിക്കന്‍ പ്രസിഡന്റ് കസേരില്‍ ഇത് രണ്ടാമൂഴമാണ്. ഇന്ത്യന്‍ സമയം രാത്രി പത്തരയോടെ വാഷിങ്ടണ്ണിലെ യു എസ് ക്യാപിറ്റോളിലാണ് ചടങ്ങുകള്‍ നടക്കുക. കടുത്ത ശൈത്യകാലാവസ്ഥ പ്രവചിച്ചിരിക്കുന്നതിനാല്‍ ക്യാപിറ്റോളിലെ റോട്ടന്‍ഡ ഹാളിലാകും സത്യപ്രതിജ്ഞ നടക്കുക. 2017 മുതല്‍ 2021 വരെയായിരുന്നു ട്രംപിന്റെ ആദ്യ പ്രസിഡന്റ് കാലയളവ്.
യു എസ് ക്യാപിറ്റോളിലെ മകുടത്തിനു താഴെയുള്ള ഹാളായാ റോട്ടന്‍ഡയിലാണ് ചടങ്ങ്. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് ഡോണള്‍ഡ് ട്രംപിന് സത്യവാചകം ചൊല്ലിക്കൊടുക്കും. വൈസ് പ്രസിഡന്റായി ജെ ഡി വാന്‍സും ചുമതലയേല്‍ക്കും. സത്യപ്രതിജ്ഞയ്ക്കുശേഷം സെനറ്റ് ചേംബറിനടുത്തുള്ള പ്രസിഡന്റിന്റെ മുറിയിലെത്തി ട്രംപ് രേഖകളില്‍ ഒപ്പുവയ്ക്കും. തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ പങ്കെടുക്കുന്ന ഉച്ചഭക്ഷണ സല്‍ക്കാരം. ഉദ്ഘാടന പരേഡും സംഗീതാവതരണവും അതിനുശേഷം നടക്കും. ക്യാപിറ്റല്‍ വണ്‍ അറീനയിലാണ് പരേഡ്.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, മുന്‍ പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ബുഷ്, ബരാക് ഒബാമ, ഹിലരി ക്ലിന്‍ണ്‍, ശതകോടീശ്വരന്മാരായ ഇലോണ്‍ മസ്‌ക്, മെറ്റ സി ഇ ഒ മാര്‍ക് സക്കര്‍ബെര്‍ഗ്, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, ആപ്പിള്‍ സി ഇ ഒ ടിം കുക്ക്, ഓപ്പണ്‍ എ ഐ സി ഇ ഒ സാം ആള്‍ട്ട്മാന്‍, ആല്‍ഫബെറ്റ് സി ഇ ഒ സുന്ദര്‍ പിച്ചെ, ചൈനീസ് വൈസ് പ്രസിഡന്റ് ഹാന്‍ ഷെങ്ങ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ചടങ്ങിനെത്തും.