ഡൽഹി സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ വൻസംഘത്തെ നിയോഗിച്ച് ഡൽഹി പോലീസ്. അഞ്ഞൂറംഗ സംഘമാണ് അന്വേഷിക്കുക. അതേസമയം, ലക്നൗവിൽ യുപി പൊലീസുമായി ചേർന്ന് ജമ്മു കശ്മീർ പൊലീസ് വ്യാപക പരിശോധന നടത്തുകയാണ്. ഡൽഹി സ്ഫോടനത്തിന് പിന്നിലുള്ള ഡോക്ടർ ഉമർ മുഹമ്മദ്, പിടിയിലായ ഡോക്ടർ മുസമ്മിൽ എന്നിവർ ജോലി ചെയ്ത ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിൽ ഡൽഹി പൊലീസ് പരിശോധന നടത്തുകയാണ്.
അതിനിടെ ഡൽഹി സ്ഫോടനക്കേസിൽ ഗൂഢാലോചന നടത്തിയവർക്ക് തക്കതായ മറുപടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഉത്തരവാദികളെ വെറുതെ വിടില്ല. ഗൂഢാലോചന നടത്തിയവരെ കണ്ടെത്തും. ഡൽഹി സ്ഫോടനത്തിന്റെ ഇരകളായ കുടുംബങ്ങളുടെ വേദന തനിക്ക് മനസിലാകും. രാജ്യം മുഴുവൻ അവരോടൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കടുത്ത ഹൃദയവേദനയോടെയാണ് ഭൂട്ടാനിലെത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന എല്ലാ ഏജൻസികളുമായും ഇന്നലെ രാത്രി മുഴുവൻ ബന്ധപ്പെട്ടിരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും പറഞ്ഞു. കാരണക്കാരായവര്‍ കഠിനമായ ശിക്ഷ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മനോഹര്‍ പരീഖര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസ് സംഘടിപ്പിച്ച ഡല്‍ഹി ഡിഫന്‍സ് ഡയലോഗില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെ വൈകീട്ട് ഉണ്ടായ സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആറ് മൃതദേഹം തിരിച്ചറിഞ്ഞു. അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയേക്കും. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം അതീവ ജാഗ്രതയിലാണ്.




