എറണാകുളം: ആലപ്പുഴക്ക് പിന്നാലെ എറണാകുളം പറവൂര്‍ കുമാരമംഗലത്തും കുറുവസംഘം എത്തിയെന്ന് സംശയം. എറണാകുളം റൂറല്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
കുറുവസംഘം എന്ന് സംശയിക്കുന്ന രണ്ടുപേര്‍ പറവൂര്‍ കുമാരമംഗലത്തെ അഞ്ചു വീടുകളിലാണ് എത്തിയത്. അര്‍ദ്ധനഗ്‌നരായി മുഖം മറച്ച് കയ്യില്‍ ആയുധങ്ങളുമായാണ് വരവ്. രണ്ടു വീടുകളിലെ സിസിടിവികളില്‍ ഇരുവരുടെയും ദൃശ്യം പതിഞ്ഞു. വീടുകളുടെ പിന്നാമ്പുറത്തുള്ള വാതില്‍ പൊളിക്കാന്‍ ആയിരുന്നു ശ്രമം. ഒറ്റക്ക് താമസിക്കുന്ന സ്ത്രീകളെയും വയോജനങ്ങളെയും ലക്ഷ്യം വെച്ചാണ് തസ്‌കര സംഘത്തിന്റെ നീക്കം. പൊലീസില്‍ പരാതി നല്‍കിയെങ്കിലും നാട്ടുകാര്‍ കടുത്ത ആശങ്കയിലാണ്.
പ്രദേശത്ത് എത്തിയത് കുറുവ സംഘമാണെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കുറുവ വേഷം ധരിച്ച് പ്രാദേശിക മോഷണ സംഘങ്ങള്‍ എത്തിയതാണോ എന്നും സംശയമുണ്ട്. പ്രദേശത്ത് രാത്രികാല പരിശോധന അടക്കം കര്‍ശനമാക്കിയതായി എറണാകുളം റൂറല്‍ പൊലീസ് അറിയിച്ചു.