പത്തനംതിട്ട: കശ്മീര്‍ വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയ മുന്‍മന്ത്രി കെ ടി ജലീല്എംഎല്എക്കെതിരെ പത്തനംതിട്ട കീഴ്വായ്പൂര് പൊലീസ് കേസെടുത്തു. ജലീലിനെതിരെ കേസെടുക്കാന്‍ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ഇന്നലെ കീഴ്വായ്പൂര് എസ്എച്ച്ഒയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 153 ബി പ്രകാരവും പ്രിവന്‍ഷന്‍ ഓഫ് ഇന്റന്‍ഷന്‍ ടു നാഷണല്‍ ഓണര്‍ ആക്ട് 1971 സെക്ഷന്‍ 2 പ്രകാരവുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
എഴുമറ്റൂര്‍ സ്വദേശി അരുണ്‍ മോഹന്‍ നല്കിയ ഹര്‍ജിയില്‍ ജലീലിനെതിരെ കേസെടുക്കാന്‍ തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു.വിഷയത്തില്‍ പത്തനംതിട്ട കീഴ് വായ്പൂര് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് കോടതിയില്‍ ഹര്‍ജി നല്‍കിയതെന്ന് അരുണ്‍ മോഹന്‍ പറഞ്ഞിരുന്നു. പാക് അധീന കശ്മീരിനെ ആസാദ് കശ്മീര്‍ എന്നും ജമ്മു കശ്മീരിനെ ഇന്ത്യന്‍ അധീന കശ്മീരെന്നും വിശേഷിപ്പിച്ചായിരുന്നു ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്.