സന്ദീപ് വാര്യര്‍ വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാര്‍. യാതൊരു പ്രതിസന്ധിയും ബിജെപിക്ക് ഇല്ലെന്ന് കൃഷ്ണകുമാര്‍ വ്യക്തമാക്കി. ജനം ചര്‍ച്ച ചെയ്യുക വികസനമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തേര് ദിവസം വോട്ടെടുപ്പ് മാറ്റിവെച്ചത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
കൃഷ്ണകുമാര്‍ കെ പി മണികണ്ഠന്റെ ആരോപണത്തിലും പ്രതികരിച്ചു. 2006 നു ശേഷം പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ഇല്ലാത്തയാളാണ് കെപി മണികണ്ഠനെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ നിന്നും 19 കൊല്ലത്തിനു മുന്‍പ് മാറിനിന്നയാളുടെ ആരോപണങ്ങള്‍ക്ക് എന്തു മറുപടി പറയാനാണെന്നും കൃഷ്ണകുമാര്‍ ചോദിച്ചു.
കൃഷ്ണകുമാറിന്റെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് പരാമര്‍ശത്തിന് മറുപടിയുമായി സന്ദീപ് വാര്യര്‍ രംഗത്തെത്തി. ചായ ഒരു മോശം കാര്യമല്ല എന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. ചായക്കടക്കാരനും ഒട്ടും മോശമല്ല. ഇപ്പോള്‍ താന്‍ ചായ കുടിക്കാന്‍ പോവുകയാണെന്ന് സന്ദീപ് പരിഹസിച്ചു. ചായ് പേ ചര്‍ച്ചയിലൂടെയാണ് നരേന്ദ്രമോദി പോലും അധികാരത്തിലേക്ക് എത്തിയതെന്ന് സന്ദീപ് മറുപടി നല്‍കി.