അമീബിക് മസ്തിഷ്കജ്വര വ്യാപനത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത. പത്ത് മാസത്തിനിടെ 97 പേർക്ക് രോഗം സ്ഥിരീകരിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. തിരുവനന്തപുരം ജില്ലയിൽ മാത്രം നിലവിൽ മൂന്ന് ആക്ടീവ് കേസുകളാണുള്ളത്. രോഗ ഉറവിടം കണ്ടെത്താൻ സാധിക്കാത്തതും ആശങ്ക വർധിപ്പിക്കുന്നു.
സംസ്ഥാനത്ത് അവസാനമായി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത് തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ മധ്യവയസ്കനാണ്. രോഗം ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന 57 വയസ്സുകാരന്റെ രോഗ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രോഗം ബാധിച്ച് കൊല്ലം ഇടവട്ടം സ്വദേശി മരിച്ചതും കഴിഞ്ഞദിവസമാണ്. കഴിഞ്ഞ ഒരാഴ്ചയിൽ 9 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേരുടെയും ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നതും ആശങ്ക വർധിപ്പിക്കുന്നു. പിന്നാലെയാണ് ആരോഗ്യവകുപ്പ് സംസ്ഥാനത്ത് രോഗ ബാധയുമായി ബന്ധപ്പെട്ട് കർശന ജാഗ്രത നിർദ്ദേശങ്ങൾ നൽകുന്നത്. കെട്ടിക്കിടക്കുന്നതും വൃത്തിഹീനവുമായ ജലാശയങ്ങളിൽ ഇറങ്ങുന്നതും നീന്തൽ കുളങ്ങളിൽ ഇറങ്ങുന്നതും പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.




