തിരുവനന്തപുരം: നഗരമധ്യത്തിലൂടെ ഒഴുകുന്ന ആമയിഴഞ്ചാൻ തോട് മാലിന്യക്കൂമ്പാരമായി മാറിയിട്ടും ശുചീകരണം നടക്കുന്നില്ലെന്ന് സമീപവാസികളുടെ പരാതി. മാസങ്ങളായി തോട്ടിൽ മാലിന്യം കെട്ടിക്കിടക്കുന്നതിനാൽ സമീപത്ത് ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും നാട്ടുകാർ പറയുന്നു.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്–റെയിൽവേ സ്റ്റേഷൻ പരിസരം, വഞ്ചിയൂർ, പാറ്റൂർ തുടങ്ങിയ മേഖലകളിലൂടെ കടന്നുപോകുന്ന തോട്ടിലാണ് മാലിന്യം കുമിഞ്ഞുകൂടിയത്. ഇറച്ചിക്കടകളിൽ നിന്നടക്കം മാലിന്യം ഇവിടെ കൊണ്ടുവന്ന് നിക്ഷേപിക്കുന്നതായും ആരോപണമുണ്ട്.
ദുർഗന്ധം വമിക്കുന്ന മലിനജലം ഒഴുകുന്നതിനാൽ വീടുകളുടെ ജനലുകൾ പോലും തുറക്കാൻ കഴിയാത്ത അവസ്ഥയാണെന്നാണ് സമീപവാസികളുടെ പരാതി. മാലിന്യം അഴുകിയതോടെ ദുർഗന്ധത്തിനൊപ്പം കൊതുകുശല്യവും രൂക്ഷമായി. വൈദ്യുതി മുടക്കം കൂടിയായതോടെ കൊതുകിനെ ഭയന്ന് വീടിനകത്തും പുറത്തും ഇരിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും നാട്ടുകാർ പറയുന്നു.
കാലവർഷത്തിന് മുമ്പ് തോട് ശുചീകരിക്കുകയും തകർന്ന സംരക്ഷണ ഭിത്തികൾ പുനർനിർമിക്കുകയും ചെയ്യേണ്ടിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രാത്രികാലങ്ങളിൽ മാലിന്യം തോട്ടിലേക്ക് തള്ളുന്നതായി മേയർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും ഫലപ്രദമായ നടപടി ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
മാലിന്യവാഹിനിയായി മാറിയ ആമയിഴഞ്ചാൻ തോട് അടിയന്തരമായി ശുചീകരിച്ച് ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്നാണ് സമീപവാസികളുടെ ആവശ്യം.




