കൊളത്തൂര്‍: ഏറെ കാലമായി തകര്‍ന്നു തരിപ്പണമായി കിടന്ന കൊളത്തൂര്‍-അങ്ങാടിപ്പുറം റോഡിലെ യാത്രാ ദുരിതത്തിന് പരിഹാരമായി. റോഡിന്റെ ഒന്നാം ഘട്ട നവീകരണം പൂര്‍ത്തിയായി. അങ്ങാടിപ്പുറം മുതല്‍ പാലച്ചോട് വരെയുള്ള ഭാഗം ആദ്യം നവീകരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായ പാലച്ചോട് മുതല്‍ സ്‌റ്റേഷന്‍പടി വരെയുള്ള റോഡ് ടാറിങ് ജോലികളാണ് പൂര്‍ത്തിയായത്. വര്‍ഷങ്ങളായി യാത്രക്കാര്‍ വളരെ പ്രയാസപ്പെട്ടായിരുന്നു ഇതു വഴി യാത്ര ചെയ്തിരുന്നത്. മഞ്ഞളാംകുഴി അലി എംഎല്‍എ നിയമസഭയില്‍ പത്തോളം തവണ ഇതു സംബന്ധിച്ച് ചോദ്യം ഉന്നയിക്കുകയും അഞ്ച് തവണ സബ്മിഷനില്‍ വിഷയം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വകുപ്പു മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പല തവണ കത്തു നല്‍കുകയും ചെയ്തു. ആശുപത്രി നഗരത്തിലേക്കുള്ള പ്രധാന പാതയായ ഇതുവഴി വര്‍ഷങ്ങളോളം ജനം നടുവൊടിഞ്ഞാണ് യാത്ര ചെയ്തിരുന്നത്. കുഴിയടയ്ക്കല്‍ സമരവും മനുഷ്യ വലയം തീര്‍ക്കലും റോഡ് ഉപരോധവും ഉള്‍പ്പെടെ ഒട്ടേറെ സമരങ്ങളും നടത്തി. അങ്ങാടിപ്പുറം-മാലാപറമ്പ്, വെങ്ങാട്-അമ്പലപ്പടി, മാലാപറമ്പ്-സ്‌റ്റേഷന്‍പടി എന്നീ മൂന്നു ഘട്ടങ്ങളിലായി 20 കോടി രൂപ ചെലവിലാണ് നിര്‍മാണം. മാലാപറമ്പ്-സ്‌റ്റേഷന്‍ പടി രണ്ടാം ഘട്ട പ്രവര്‍ത്തികള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട് .പാതയില്‍ കൊളത്തൂര്‍ സ്‌റ്റേഷന്‍പടിക്കും അമ്പലപ്പടിക്കും ഇടയ്ക്കുള്ള 2 പാലങ്ങള്‍ സേതുബന്ധന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 കോടി രൂപ ചെലവില്‍ അപ്രോച്ച് റോഡ് ഉള്‍പ്പെടെ നിര്‍മിക്കാനും പദ്ധതിയായിട്ടുണ്ട്.