കംബോഡിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സൈബർ തട്ടിപ്പ് ശൃംഖലയിലെ മലയാളി കണ്ണി കൊച്ചി സിറ്റി സൈബർ പൊലീസിന്റെ പിടിയിൽ. മലപ്പുറം തൂത സ്വദേശിയായ അബ്ദു റഹ്മാൻ എന്നയാളാണ് അറസ്റ്റിലായത്. ചൈനീസ് സംഘങ്ങൾ നിയന്ത്രിക്കുന്ന കംബോഡിയൻ തട്ടിപ്പ് കേന്ദ്രത്തിൽ ഇയാൾ ‘ടീം ലീഡർ’ പദവി വരെ എത്തിയിരുന്നുവെന്നാണ് പൊലീസിന്റെ ഞെട്ടിക്കുന്ന കണ്ടെത്തൽ. കൊച്ചിയിലെ പ്രമുഖ ഡോക്ടറിൽ നിന്ന് മാട്രിമോണിയൽ സൈറ്റിലൂടെ കോടികൾ തട്ടിയ കേസിന്റെ അന്വേഷണമാണ് അന്താരാഷ്ട്ര തട്ടിപ്പ് സംഘത്തിന്റെ നിർണായക വിവരങ്ങളിലേക്ക് വഴിതുറന്നത്.
നാല് വർഷം മുമ്പ് സാധാരണ തൊഴിൽ തേടി കംബോഡിയയിലെത്തിയ അബ്ദു റഹ്മാൻ പിന്നീട് സൈബർ ക്രൈം ലോകത്തെ വൻ സ്രാവായി മാറുകയായിരുന്നു. ചൈനീസ് മാഫിയകളുടെ തട്ടിപ്പ് കേന്ദ്രങ്ങളിൽ ഇരകളെ കണ്ടെത്തുക, വ്യാജ സന്ദേശങ്ങൾ അയക്കുക, ഫോൺ വിളിക്കുക എന്നതായിരുന്നു ആദ്യ ചുമതല. ഇതിലെ മികവ് കണ്ടാണ് ചൈനീസ് സംഘം ഇയാളെ ‘ടീം ലീഡർ’ പദവിയിലേക്ക് ഉയർത്തിയത്. തുടർന്ന് ഇന്ത്യയിൽ നിന്ന് തട്ടിപ്പ് കേന്ദ്രങ്ങളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഏജന്റായും ഇയാൾ മാറി. ഒരാളെ കംബോഡിയയിലെത്തിച്ചാൽ 3,000 ഡോളർ വരെയാണ് ഇയാൾക്ക് കമ്മീഷനായി ലഭിച്ചിരുന്നത്.
കൊച്ചിയിലെ ഡോക്ടറെ ചതിയിൽപ്പെടുത്തിയതും ഇതേ സംഘമാണ്. മാട്രിമോണിയൽ വെബ്സൈറ്റിൽ യുവതി എന്ന വ്യാജേന അക്കൗണ്ടുണ്ടാക്കി ‘ഭാവി വധു’വായി നടിച്ചായിരുന്നു തട്ടിപ്പ്. വിവാഹശേഷമുള്ള സാമ്പത്തിക സുരക്ഷയ്ക്കായി ഓൺലൈൻ ട്രേഡിംഗിൽ നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചാണ് ഡോക്ടറുടെ പണം മുഴുവൻ കവർന്നത്. ക്രിപ്റ്റോ കറൻസി പരസ്യങ്ങളും ലോൺ ആപ്പുകളും വഴി ആളുകൾ വീഴാതായതോടെയാണ് തട്ടിപ്പ് സംഘം മാട്രിമോണിയൽ പ്ലാറ്റ്‌ഫോമുകളിലേക്ക് ശ്രദ്ധ തിരിച്ചതെന്ന് പോലീസ് പറയുന്നു.
വ്യാജ പ്രൊഫൈലുകൾ വഴി സൗഹൃദം സ്ഥാപിച്ച ശേഷം ഉയർന്ന ലാഭം വാഗ്ദാനം ചെയ്താണ് ഇവർ ആളുകളെ കെണിയിലാക്കുന്നത്. ഇങ്ങനെ തട്ടിയെടുക്കുന്ന പണം വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി നാട്ടിലെത്തിച്ച് കുഴൽപ്പണമായി വിതരണം ചെയ്യും. പിന്നീട് ഈ തുക ക്രിപ്റ്റോ കറൻസിയാക്കി മാറ്റി അന്താരാഷ്ട്ര വിപണിയിലേക്ക് കടത്തുന്നതാണ് ഇവരുടെ രീതി. പ്രതിക്ക് പിന്നിൽ കൂടുതൽ മലയാളികൾ ഉണ്ടോയെന്ന കാര്യത്തിൽ സൈബർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
മാട്രിമോണിയൽ സൈറ്റുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പരിചയപ്പെടുന്ന അപരിചിതരുടെ നിക്ഷേപ വാഗ്ദാനങ്ങളിൽ വീഴരുതെന്നും, വൻ തുകകൾ കൈമാറുന്നതിന് മുൻപ് അതീവ ജാഗ്രത പുലർത്തണമെന്നും സൈബർ പോലീസ് വീണ്ടും മുന്നറിയിപ്പ് നൽകുന്നു.




