വടകര ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തിയ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ പുതിയ നീക്കവുമായി സംസ്ഥാന സർക്കാർ. കേസിൽ പുനരന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. മുൻ എം.എൽ.എ പാറക്കൽ അബ്ദുള്ള നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ പുതിയ നടപടി.
രണ്ട് വർഷത്തോളമായി കേരള രാഷ്ട്രീയത്തിൽ പുകയുന്ന വടകര കാഫിർ സ്ക്രീൻഷോട്ട് വിവാദമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പുനരന്വേഷണത്തിലേക്ക് വഴിമാറുന്നത്. പ്രതികളിലേക്ക് എത്താൻ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി നേരത്തെ പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. വിവാദമായ ആ സ്ക്രീൻഷോട്ട് സന്ദേശം യഥാർത്ഥത്തിൽ ആര് നിർമ്മിച്ചു (Created) എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നായിരുന്നു പോലീസിന്റെ വാദം. നിർണായകമായ ഫൊറൻസിക് റിപ്പോർട്ടും ഇതുവരെ പുറത്തുവന്നിരുന്നില്ല. ഇതിനിടയിലാണ് പാറക്കൽ അബ്ദുള്ള നൽകിയ പരാതി പരിഗണിച്ച് സർക്കാർ ഇപ്പോൾ എസ്.ഐ.ടി രൂപീകരണത്തിലേക്ക് കടക്കുന്നത്.
വിവാദ സ്ക്രീൻഷോട്ടിന് പിന്നിൽ സി.പി.എം കേന്ദ്രങ്ങളാണെന്നാണ് യു.ഡി.എഫ് ആദ്യഘട്ടം മുതൽ ആരോപിക്കുന്നത്. ഇത് ശരിവെക്കുന്ന തരത്തിലായിരുന്നു പോലീസിന്റെ മുൻ റിപ്പോർട്ടും. ‘അമ്പാടിമുക്ക് സഖാക്കൾ’ ഫേസ്ബുക്ക് ഗ്രൂപ്പ് അഡ്മിൻ മനീഷ്, ‘റെഡ് ബറ്റാലിയൻ’ വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത അമൽ റാം, ‘റെഡ് എൻകൗണ്ടർ’ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ്, കൂടാതെ ‘പോരാളി ഷാജി’ തുടങ്ങിയ ഇടത് സൈബർ പേജുകളിലൂടെയാണ് ഈ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതെന്ന് പോലീസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
എന്തായാലും പുതിയ എസ്.ഐ.ടിയുടെ അന്വേഷണത്തിലൂടെ വിവാദ സ്ക്രീൻഷോട്ടിന്റെ യഥാർത്ഥ ഉറവിടം പുറത്തുവരുമോ അതോ രാഷ്ട്രീയ വിവാദം പുതിയ തലത്തിലേക്ക് നീങ്ങുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.




