മലപ്പുറം: സര്‍ക്കാര്‍ ആശുപത്രികളിലെ പോരായ്മകള്‍ ഇടക്കിടെ വാര്‍ത്തകളിലിടം പിടിക്കുമ്പോള്‍, പരിമിതമായ സൗകര്യങ്ങളില്‍ പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കൂട്ടായ ശ്രമത്തില്‍ 75 വയസ്സ് പ്രായമുള്ള സ്ത്രീയുടെ വയറ്റില്‍നിന്ന് മൂന്നര കിലോഗ്രാം വലിപ്പമുള്ള മുഴ നീക്കം ചെയ്തു. ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ശ്രമഫലമായാണ് സങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. വയറ്റില്‍ ഗ്യാസിന്റെ പ്രശ്‌നങ്ങളുമായി ആശുപത്രിയിലെത്തിയ 75കാരിയായ സ്ത്രീക്ക് സ്‌കാനിങ്ങിലൂടെയാണ് 21 സെ.മീ നീളവും 20 സെ.മീ വീതിയുമുള്ള മുഴയുണ്ടെന്ന് കണ്ടുപിടിച്ചത്.
തുടര്‍ന്ന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്ക് നിര്‍ദേശിക്കുകയായിരുന്നു. പ്രഷറും പ്രമേഹവും ശ്വാസം മുട്ടലും ഉള്ള വയോധികക്ക് അനസ്തീഷ്യയും വെല്ലുവിളിയായി. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെയും അനസ്തീഷ്യ വിഭാഗത്തിലെയും ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ തിയറ്ററിലെ നഴ്സിങ് വിഭാഗത്തിന്റെയും ടെക്‌നിഷ്യന്മാരുടെയും പിന്തുണയോടെയാണ് സര്‍ജറി സാധ്യമാക്കിയത്.
ഗൈനക്കോളജി വിഭാഗത്തിലെ ഡോ. റസീന, അനസ്തീഷ്യ വിഭാഗത്തിലെ ഡോ. എ.കെ റഊഫ്, ഡോ. സലീന, ഡോ. രഞ്ജിത എന്നിവരും നഴ്‌സിങ് ഓഫിസര്‍മാരായ സൗമ്യ, ഉമ്മുല്‍ ഹൈറ, നാസിഫ് എന്നിവരും സര്‍ജറിക്ക് നേതൃത്വം നല്‍കി. രണ്ടു വര്‍ഷം മുമ്പ് പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയില്‍ ഓര്‍ത്തോ വിഭാഗം വയോധികക്ക് മുട്ടുമാറ്റിവെക്കല്‍ ശസ്തക്രിയയും വിജയകരമായി നടത്തിയിരുന്നു.




