മലപ്പുറത്തിന്റെ ഏക തുറമുഖ നഗരമാണ് പെന്നാനി. വ്യാപാര നഗരമായ പൊന്നാനിയില്‍ ഇനി കലോത്സവത്തിന്റെ രാപ്പകലുകള്‍. കലകളുടെ സുലൈമാനി ഒരുക്കുകയാണ് പൊന്നാനി എം.ഇ.എസ് കോളേജില്‍ തുടക്കമായ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സീസോണ്‍ കലൈമാനി കലോത്സവം. പേരു കേള്‍ക്കുമ്പോള്‍ തന്നെ മുഖത്ത് ചെറുപുഞ്ചിരി വിടരും.മുഖത്ത് ചായമണിഞ്ഞും കാലില്‍ ചിലങ്ക കെട്ടിയും ചുണ്ടിലൂടെ മധുരഗീതം ഒഴുകിയും പൊന്നാനിയിലെ എം.ഇ.എസ് കോളേജ് യൗവനങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ചിറകു വിരിക്കാന്‍ പോവുകയാണ്. നാലു പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് പൊന്നാനി കലാലയ കലോത്സവങ്ങള്‍ക്ക് വേദിയാവുന്നത്. അറബിക്കടലിനോട് ചേര്‍ന്ന് നില്‍ക്കുന്ന പൊന്നാനിയിലെ ജനത ഒരു ഉത്സവമാക്കുകയാണ് ഈ മധുര കലൈമാനി.
നാലു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിന് ചൂടുപിടിക്കാന്‍ പോകുന്നത് ഓണ്‍ സ്റ്റേജ് മത്സര ഇനങ്ങള്‍ ആരംഭിക്കുമ്പോഴാണ്. ആദ്യത്തെ രണ്ടു ദിവസം സ്റ്റേജിതര മത്സരങ്ങളും പിന്നീടുള്ള രണ്ട് ദിവസം സ്റ്റേജ് മത്സരങ്ങളുമാണ് നടക്കുന്നത്. വിദ്യാര്‍ത്ഥികളുടെ കലാപരമായ കഴിവുകളെ തൊട്ടുണര്‍ത്തുന്ന പരിപാടിയില്‍ ആയിരത്തില്‍ പരം കുട്ടികള്‍ മത്സരിക്കുന്നുണ്ട്. 69 സ്റ്റേജിനങ്ങളും 37 സ്റ്റേജിതര ഇനങ്ങളുമാണുള്ളത്. കലൈമാനിയുടെ ഔപചാരിക ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് നാലിന് മന്ത്രി വി.അബ്ദുറഹ്മാന്‍ നിര്‍വഹിക്കും. ചലച്ചിത്രതാരം മണികണ്ഠന്‍ ആചാരി മുഖ്യാതിഥിയാകും.